കേരള നേതാക്കളെ ‘നിർത്തിപ്പൊരിച്ച്’ രാഹുൽ ഗാന്ധി…. തെരുവിലെ പോര് തീരാതെ മുഖ്യമന്ത്രി പ്രഖ്യാപനമില്ല

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയതയിലും തെരുവിലെ ശക്തിപ്രകടനങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ പങ്കെടുത്ത എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചയ്ക്കിടെയാണ് മുതിർന്ന നേതാക്കളെ രാഹുൽ രൂക്ഷമായി വിമർശിച്ചത്. അണികളെ തെരുവിലിറക്കി സമ്മർദ്ദ തന്ത്രം പയറ്റുന്ന രീതി അനുവദിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. നേതാക്കൾക്ക് വേണ്ടി അണികൾ നടത്തുന്ന ശക്തിപ്രകടനങ്ങൾ പാർട്ടിയുടെ വിജയത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ കലുഷിതമായ അന്തരീക്ഷത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തില്ലെന്ന് രാഹുൽ ഗാന്ധി നേതാക്കളെ അറിയിച്ചു. ശക്തിപ്രകടനങ്ങൾ എന്നവസാനിക്കുന്നുവോ അതിന് ശേഷം മാത്രമേ പ്രഖ്യാപനമുണ്ടാകൂ എന്ന് മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി. കേരളത്തിലെ സ്ഥിതിഗതികൾ ഹൈക്കമാൻഡ് നേരിട്ട് നിരീക്ഷിക്കും. തർക്കങ്ങൾ പരിഹരിച്ച് അച്ചടക്കം ഉറപ്പാക്കാൻ നേതാക്കൾക്ക് കർശന നിർദ്ദേശം നൽകി. ഹൈക്കമാൻഡിന്റെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് മൂന്ന് നേതാക്കളും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടതും ഐക്യത്തിന് ആഹ്വാനം ചെയ്തതും. ഫ്ലക്സുകൾ നീക്കം ചെയ്യാനും പ്രകടനങ്ങൾ അവസാനിപ്പിക്കാനും ഇവർ അണികളോട് നിർദ്ദേശിച്ചു.



