ഇടതുപക്ഷം പരാജയപ്പെട്ടതിൻ്റെ മുഖ്യകാരണം വെള്ളാപ്പള്ളിയോടുള്ള സമീപനമെന്ന് യു ഷറഫലി….

ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ മുഖ്യകാരണം വെള്ളാപ്പള്ളിയോടുള്ള സമീപനമെന്ന് നിലമ്പൂരിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച യു ഷറഫലി. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളിലെ ഇടതുപക്ഷ നിലപാട് മുസ്ലീങ്ങൾക്കിടയിൽ വലിയ അമർഷം ഉണ്ടാക്കിയെന്ന് യു ഷറഫലി പറഞ്ഞു. വെള്ളാപ്പള്ളിക്ക് മറുപടി പറയാൻ ഇടതുപക്ഷത്തിൽ നിന്ന് ആരും മുന്നോട്ടുവന്നില്ലെന്നും ന്യൂനപക്ഷങ്ങളെ കൈവിട്ടോ എന്ന സംശയം ഉണ്ടാക്കിയെന്നും യു ഷറഫലി പറഞ്ഞു.
ന്യൂനപക്ഷം ഇടതുപക്ഷത്തിൽ നിന്ന് അകന്നു. ഏറ്റവും കൂടുതൽ അകന്നത് സ്ത്രീ വോട്ടർമാർ ആണ്. പാർട്ടിയിലെ സജീവമായ അണികളുടെ കുടുംബത്തിൽ നിന്ന് പോലും വോട്ട് ലഭിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് ഇത്രയും വലിയ ഇടത് വിരുദ്ധ വികാരം ഉണ്ടെന്ന് മനസ്സിലായത്. യുഡിഎഫിലേക്ക് വോട്ടിന്റെ വലിയ കുത്തൊഴുക്ക് ഉണ്ടായി. പിണറായി വിജയൻറെ പെരുമാറ്റം ഒന്നും തെരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. പിണറായിയുടെ പെരുമാറ്റം അഞ്ചു കൊല്ലം കൊണ്ട് ഉണ്ടായതല്ല, സ്ഥിരം ശൈലിയാണ്. കേരളത്തിൽ സിപിഎം തകർന്നാൽ അത് ബാധിക്കുന്നത് ന്യൂനപക്ഷങ്ങളെയാണ്. സിപിഎമ്മാണ് മതേതര സംരക്ഷകർ, പാർട്ടി പഠിച്ച് തിരുത്തി തിരിച്ചു വരുമെന്നും യു ഷറഫലി പറഞ്ഞു.



