അവസാന മിനുക്കു പണികൾ തകൃതി, മഴയ്ക്കു മുൻപേ അവർ താമസം മാറും; ടൗൺഷിപ്പിലെ വീടുകൾ റെഡി

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തെ അതിജീവിച്ചവർക്കായ് സർക്കാരൊരുക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം പൂർത്തിയാകുന്നു. താമസയോഗ്യമാക്കി കൈമാറുന്നതിനു തൊട്ടുമുമ്പുള്ള അവസാനഘട്ട പണികളാണ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും നിർമാണം പൂർത്തിയായിരുന്നില്ല.

“നിലവിൽ 178 വീടുകളുടെയും നിർമാണ പ്രവർത്തനം ഏതാണ്ട് പൂർത്തിയായി. ഫിനിഷിങ് വർക്കുകൾമാത്രമാണ് ബാക്കിയുള്ളത്. കോമ്പൗണ്ട് ഭിത്തികളുടെ നിർമാണവും വൃത്തിയാക്കലും പൂർത്തിയാക്കണം. ശേഷം കെഎസ്ഇബി വർക്ക്. കെഎസ്ഇബിക്കു കീഴിൽ നിലവിൽ ഭൂഗർഭ ജോലികൾ ഇരുപതോളം വീടുകളിൽ മാത്രമേ പുരോഗമിക്കുന്നുള്ളൂ. അടുത്ത രണ്ടുദിവസത്തിനകം അത് പൂർത്തിയാകും. സബ്‌സ്റ്റേഷന്റെ നിർമാണവും നടന്നുകൊണ്ടിരിക്കുകയാണ്. നാളത്തോടെ അതും തീരും” : മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് പ്രൊജക്ട് എഞ്ചിനീയർ യെതിൻ ബാല അറിയിച്ചു.

ടൗൺഷിപ്പിലെ വീടുകളുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. എല്ലാ വീടുകളും ജലവിതരണവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മലിനജല സംസ്‌കരണ പ്ലാന്റും പൂർത്തിയായി. എൽടൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ ആദ്യഘട്ടം മാർച്ച് 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു.

2024 ജൂലൈ 30 നു നടന്ന ഉരുൾപൊട്ടലിനെത്തുടർന്ന് സർവ്വവും നഷ്ടപ്പെട്ട് വാടകവീടുകളിലും താത്കാലിക ഷെൽട്ടറുകളിലും താമസിക്കുന്ന 178 കുടുംബങ്ങൾക്കായാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. എത്രയും പെട്ടന്ന് അവർക്ക് താമസയോഗ്യമാംവിധം പണിപൂർത്തിയാക്കുമെന്നാണ് അധികാരികൾ അറിയിക്കുന്നത്.

Related Articles

Back to top button