കുംഭമേള വൈറൽ താരത്തിന്റെ വിവാഹം…. ഫർമാനെതിരെ പോക്സോ ചുമത്താൻ നിർദ്ദേശം

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹത്തിൽ കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ കർശന നടപടികളിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന മധ്യപ്രദേശ് പോലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, വരനായ ഫർമാനെതിരെ പോക്സോ നിയമപ്രകാരവും പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചതായി പരാതിക്കാരനായ പ്രഥം ദുബൈ അറിയിച്ചു.

കേസിൽ മധ്യപ്രദേശ്, കേരള പോലീസുകളുടെ ഇതുവരെയുള്ള നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. പ്രതിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. വിഷയത്തിൽ മധ്യപ്രദേശ് ഡിജിപിയും കേരള പോലീസിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥും ഇന്ന് കമ്മീഷന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കും. തൃശ്ശൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ഡിജിപി നേരിട്ട് ഹാജരാകില്ല.

വിവാഹത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കേരള പോലീസ് കമ്മീഷനെ അറിയിക്കുക. ഹാജരാക്കിയ രേഖകൾ പ്രകാരം ഇരുവരും പ്രായപൂർത്തിയായവരാണെന്നും വിവാഹം നിയമപരമാണെന്നുമാണ് കേരള പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പോലീസ് പരാതിക്കാരെ അറിയിച്ചിട്ടുണ്ട്. മകളെ ഫർമാൻ നിർബന്ധിച്ച് മൊഴി നൽകിപ്പിക്കുകയാണെന്ന് പിതാവ് ആരോപിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെയും ഫർമാൻ തെറ്റിദ്ധരിപ്പിച്ചിരുന്നു. മകളെ എത്രയും വേഗം തിരികെ എത്തിക്കണമെന്ന് അമ്മയും കണ്ണീരോടെ അഭ്യർത്ഥിച്ചു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് മധ്യപ്രദേശ് പോലീസ് കമ്മീഷനെ അറിയിക്കും. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധിക്കൂ എന്നും പോലീസ് വ്യക്തമാക്കുന്നു. വ്യാജ രേഖകൾ ചമച്ചാണോ വിവാഹം നടന്നതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Back to top button