കെഎസ്ഇബിയുടെ വൈദ്യുതി തൂണുകള്‍ മറിഞ്ഞ് കാലിലേക്ക് വീണ് അപകടം, എല്ലുകൾ പൊട്ടി; കോഴിക്കോട് അധ്യാപകന് ഗുരുതര പരിക്ക്

കോഴിക്കോട് വൈദ്യുതി തൂണുകള്‍ കാലിലേക്ക് മറിഞ്ഞുവീണ് അധ്യാപകന് ഗുരുതര പരിക്ക്. റോഡരികില്‍ കൂട്ടിയിട്ട കെഎസ്ഇബിയുടെ വൈദ്യുതി തൂണുകള്‍ മറിഞ്ഞാണ് അധ്യാപകന്റെ കാലിലേക്ക് വീണത്. ഇന്നലെയായിരുന്നു സംഭവം. ഇരുകാലുകളുടെ എല്ലുകൾക്കും ഒന്നിൽ കൂടുതൽ പൊട്ടലുകളുണ്ട്.
കോഴിക്കോട് വെള്ളയില്‍ പ്രവര്‍ത്തിക്കുന്ന റോഷി സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകനും മലപ്പുറം അരീക്കോട് സ്വദേശിയുമായ കെ.വി വിശ്വനാഥ(59)നാണ് പരിക്കേറ്റത്. ബേപ്പൂരില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങവേയാണ് അപകടമുണ്ടായത്.
അട്ടിയിട്ട പോസ്റ്റുകള്‍, കാല്പാദങ്ങളിലേക്ക് വീഴുകയായിരുന്നു. എല്ലുകള്‍ പൊട്ടി മാംസം അടര്‍ന്നു തൂങ്ങിയ നിലയിലായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതുസംബന്ധിച്ച് ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തിൽ കേസെടുക്കുമെന്നും അന്വേഷണം ഉടൻ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തിൽ കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ ഹോണ്ട സിറ്റി കാർ ഇടിച്ച് ഗുരുതര പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ ത്രീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കരമന സ്വദേശി പ്രദീപ്കുമാറിനാണ് (47) പരിക്കേറ്റത്. തിങ്കൾ രാവിലെ ജോലിസ്ഥലത്തേക്ക് നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന ഇദ്ദേഹത്തെ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചശേഷം സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ചുമറിയുകയായിരുന്നു.




