വേനൽച്ചൂടിൽ ആശ്വാസമായി നാരങ്ങവെള്ളം കുടിക്കാമെന്ന് കരുതേണ്ട; ചെറുനാരങ്ങയ്ക്ക് തീവില

വേനൽചൂട് കനക്കുമ്പോൾ ദാഹശമനത്തിനുള്ള നാരങ്ങ വെള്ളത്തിനും തീവില. ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നതാണ് ഇതിന് പ്രധാന കാരണം. പല കടകളിലും നാരങ്ങ വെള്ളം കിട്ടാനുമില്ല. പകരം ജ്യൂസും സംഭാരവുമാണ് കടകളിൽ ലഭിക്കുന്നത്.
കഴിഞ്ഞ മാസം കിലോയ്ക്ക് 50–60 രൂപയ്ക്കുണ്ടായിരുന്ന ചെറുനാരങ്ങ ഇപ്പോൾ മൊത്തവ്യാപാരത്തിൽ തന്നെ 200–210 രൂപയായി. വലുപ്പവും ഗുണനിലവാരവും അനുസരിച്ച് വില വ്യത്യാസപ്പെടും. പച്ചനിറത്തിലുള്ളതിനേക്കാൾ മഞ്ഞ നിറമുള്ള നാരങ്ങയ്ക്കാണ് കൂടുതൽ വില. ഇതോടെ ഒരു ചെറുനാരങ്ങയ്ക്ക് തന്നെ 10 രൂപയ്ക്ക് മുകളിലായി ചെലവാകുന്നു.
വിലവർധനയുടെ ആഘാതം ബേക്കറികളിലും കൂൾ ബാറുകളിലും വ്യക്തമാണ്. മുമ്പ് 15 രൂപയ്ക്ക് ലഭിച്ചിരുന്ന നാരങ്ങ വെള്ളം ഇപ്പോൾ 20 രൂപയായിട്ടുണ്ട്. എന്നാൽ വില കൂടിയതോടെ പല ഇടങ്ങളിലും ഇത് ലഭ്യമാകുന്നതും കുറഞ്ഞിരിക്കുകയാണ്.
വയനാട് ജില്ലയിലേക്ക് ചെറുനാരങ്ങ എത്തുന്നത് പ്രധാനമായും കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ്. കടുത്ത വേനൽ കാരണം ഉൽപാദനം കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് വില വർധനയ്ക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതോടെ വഴിയോര കച്ചവടക്കാരും നാരങ്ങ വെള്ളത്തിന് പകരം വത്തയ്ക്ക വെള്ളം, മറ്റു പഴവർഗ ജ്യൂസുകൾ, സംഭാരം തുടങ്ങിയവയാണ് വിൽക്കുന്നത്.
