കൊല്ലം പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി

കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും തമിഴ്നാട് മധുരയിൽ കണ്ടെത്തി. കഴിഞ്ഞ 18-ാം തീയതി മുതലാണ് ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിയെയും 12, മൂന്നര വയസുള്ള മക്കളെയും കാണാതായത്. ക്ഷേത്രദർശനത്തിനായി കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധുരയിൽ നിന്നും ഇവരെ കണ്ടെത്തിയത്. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായ യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നുവെന്നും, വിവരമറിഞ്ഞ് അദ്ദേഹം ഇതിനകം നാട്ടിലെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.



