അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരിക്കടത്ത്… ഒരു അധ്യാപിക കൂടി പിടിയിൽ

സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരിക്കടത്ത് സജീവമാകുന്നതായി റിപ്പോർട്ട്. വടകരയിൽ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്.

കഴിഞ്ഞ 11-ാം തീയതി അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാവ്യയും ഈ ഇടപാടിലെ പ്രധാന കണ്ണിയാണെന്ന് വ്യക്തമായത്. എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ, പണം ലഭിച്ചതിനു ശേഷം സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അവർക്ക് അയച്ചു കൊടുക്കുകയാണ് പതിവ്. മൊത്ത വിൽപനക്കാരുമായി കാവ്യയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വടകര പൊലീസ് സ്റ്റേഷനിലെ എസ്ഐ സി.ഷമീർ, എഎസ്ഐമാരായ കെ.കെ.സിജേഷ്, എം.പി.ഷീന, കെ.ഷീബ എന്നിവരും ചേർന്നു നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതേത്തുടർന്ന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ കീർത്തനയെ സർവശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടർ സസ്പെൻഡ് ചെയ്തു. ഇതുപോലെ കൂടുതൽ സ്ത്രീകൾ ലഹരി വിൽപനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button