യുഡിഎഫിന് ചരിത്ര വിജയം… പിണറായി വിജയന് ജനങ്ങൾ ‘ഗുഡ് ബൈ’ നൽകും… രമേശ് ചെന്നിത്തല

ആലപ്പുഴ: കേരളത്തിൽ യുഡിഎഫിന് ചരിത്ര വിജയം ലഭിക്കുമെന്നും ഭരണതുടർച്ചയെന്ന മോഹം നടക്കില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ ‘ഗുഡ് ബൈ’ നൽകുന്ന കാഴ്ചയാണ് കാണാൻ പോകുന്നതെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിൽ പലയിടത്തും ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ട്. എന്നാൽ ഇത്തരം അന്തർധാരകളെ എല്ലാം തകർത്ത് യുഡിഎഫ് മുന്നേറും. ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. പോളിങ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമാണ്. കള്ളവോട്ട് തടയാൻ എസ്.ഐ.ആർ സംവിധാനം സഹായിച്ചു. മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നാണോ എറണാകുളത്ത് നിന്നാണോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രി കേരളത്തിൽ നിന്നായിരിക്കും എന്നായിരുന്നു ചെന്നിത്തലയുടെ നയപരമായ മറുപടി. ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

തുടർഭരണം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്ന വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ യാഥാർത്ഥ്യം ഉൾക്കൊണ്ട് നിലപാട് മാറ്റിയിരിക്കുകയാണ്. തീരദേശ മേഖലയിലെ വോട്ടുകൾ യുഡിഎഫിന് വലിയ കരുത്താകും. ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് സൂചനകൾ നൽകാതിരുന്നപ്പോൾ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തി. പ്രതിപക്ഷത്തെ ശക്തമായി നയിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് എറണാകുളം ജില്ലയിലെ പ്രവർത്തകരുടെ ആഗ്രഹമെന്ന് ഷിയാസ് പറഞ്ഞു.

Related Articles

Back to top button