സംസ്ഥാനത്തെ സ്പാകളിൽ പൊലീസിൻറെ മിന്നൽ പരിശോധന

സംസ്ഥാനത്തെ സ്പാകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 14 സ്ഥാപനങ്ങൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിനോടകം 5 പേർ അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളിൽ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയൻറെ നിർദേശാനുസരണമായിരുന്നു “ഓപ്പറേഷൻ സ്പാ” എന്ന പ്രത്യേക പരിശോധന നടത്തിയത്.

പരിശോധനയിൽ ഏറ്റവും കൂടുതൽ നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളിൽ 70 എണ്ണത്തിൽ റെയ്ഡ് നടത്തി. നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലയിൽ 78 കേന്ദ്രങ്ങളിൽ 71 റെയ്ഡുകൾ നടത്തി. തൃശ്ശൂർ സിറ്റിയിൽ 58 ൽ 56 എണ്ണത്തിലും പാലക്കാട് 71 ൽ 55 എണ്ണത്തിലും പരിശോധന നടത്തി. പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകൾ വീതം രജിസ്റ്റർ ചെയ്തു. എറണാകുളം റൂറലിൽ രണ്ടും കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തു. ചട്ടങ്ങൾ പാലിക്കാത്ത 44 സ്പാകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി അറിയിച്ചു.

Related Articles

Back to top button