പടിഞ്ഞാറേ കല്ലടയിൽ എട്ടംഗ ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം… വിവാഹവീട് അടിച്ചുതകർത്തു… യുവാക്കൾക്ക് ഗുരുതര പരിക്ക്

കൊല്ലം: പടിഞ്ഞാറേ കല്ലട വിളന്തറയിൽ വിവാഹവീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ക്രൂരമായ ആക്രമണം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങളെ മർദ്ദിച്ചവശരാക്കിയ ശേഷം വിവാഹവീട്ടിൽ അതിക്രമിച്ചു കയറി കണ്ണിൽക്കണ്ടതെല്ലാം അടിച്ചുതകർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

തുറന്ന ജീപ്പിലും ബൈക്കുകളിലുമായി അമിതവേഗത്തിൽ പാഞ്ഞെത്തിയ സംഘത്തെ ചോദ്യം ചെയ്തതിനാണ് കോട്ടയ്ക്കാട്ട് മുക്കിൽ വെച്ച് യുവാക്കളെ ആക്രമിച്ചത്. കമ്പിവടിയും ഹെൽമറ്റും ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ശ്യാം രാജ്, ബിനു എന്നീ സഹോദരങ്ങൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർന്ന് കോട്ടക്കുഴി മുക്കിലെ വിവാഹവീട്ടിലെത്തിയ സംഘം റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ തകർത്തു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ ജനൽ ചില്ലുകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു. ഒരു മണിക്കൂറോളം നീണ്ടുനിന്ന അക്രമത്തിനിടെ വിവാഹവീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഭയന്നോടുകയായിരുന്നു. കണ്ണിൽക്കണ്ടവരെയെല്ലാം അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരിക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ടംഗ സംഘത്തെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button