15 ലക്ഷം തിരികെ തരാം മേഡം, ടൗൺഷിപ്പിൽ ഞങ്ങൾക്കും വീട് തരാമോ;  പണം വാങ്ങിയവർ അപേക്ഷയുമായി എത്തുന്നുവെന്ന് കലക്ടർ ഡി.ആര്‍. മേഘശ്രീ

 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ തങ്ങൾക്കും വീട് അനുവദിക്കാമോ എന്ന് 15 ലക്ഷം വാങ്ങിയ വീട് വേണ്ടെന്ന് വെച്ച ദുരിതബാധിതർ ഇപ്പോൾ ചോദിക്കുന്നതായി വയനാട് കലക്ടർ ഡി.ആര്‍. മേഘശ്രീ. പണം വാങ്ങി പോയവരിൽ കുറേപ്പേർ ടൗൺഷിപ്പിൽ വീട് അനുവദിക്കാമോ എന്ന് അന്വേഷിച്ച് വരുന്നുണ്ട്. ആദ്യഘട്ടത്തിൽ കുറച്ച് പേരുടെ അപേക്ഷകൾ സ്വീകരിച്ച്, പണം അവർ തിരികെ കൊടുത്ത് വീട് അവർക്ക് നൽകാമെന്ന് സർക്കാരിൽ നിന്ന് ഉത്തരവ് നേടിയിട്ടുണ്ട്. ഇനിയും എന്റെയടുത്ത് അപേക്ഷകൾ വന്ന് കൊണ്ടേയിരിക്കുന്നു. ചിലർ ഇവിടെ വന്ന് കരയുന്നുണ്ട്. നമ്മൾ 15 ലക്ഷം വാങ്ങിപ്പോയി മേഡം, എങ്ങനെയെങ്കിലും ഒരുവീട് അനുവദിച്ച് തരാമോ എന്ന് പലരും ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. സ്ഥലത്തിന്റെ കാര്യമായാലും ,സൗകര്യത്തിന്റെ കാര്യമായാലും ​വീടിന്റെ ​ഗുണമേന്മയുടെ കാര്യത്തിലായാലും ​ഗുണഭോക്താക്കൾ തൃപ്തരാണെന്നും കുറച്ച് പേർ പണം റീഫണ്ട് ചെയ്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.

 ടൗൺഷിപ്പ് പദ്ധതിയിലെ മികച്ച സൗകര്യങ്ങൾ കണ്ടാണ് നേരത്തെ വേണ്ടെന്ന് പറഞ്ഞ കുടുംബങ്ങൾ കൂടി തിരികെ എത്തുന്നത്. കൽപ്പറ്റ നഗരത്തിന് അടുത്തുതന്നെയാണ് ടൗൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനാൽ തന്നെ ദുരന്തബാധിതർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്നും കുടിവെള്ളം, മാലിന്യ സംസ്‌കരണം, റോഡ്, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഒരുക്കുന്നുണ്ടെന്നും കലക്ടർ വ്യക്തമാക്കി. ചിലരുടെ വാക്കിലും പ്രചരണത്തിലും പെട്ട്പോയി ടൗൺഷിപ്പിൽ വീട് വീണ്ടെന്ന് പറഞ്ഞ് സർക്കാരിൽ നിന്നും 15 ലക്ഷം കൈപ്പറ്റി പോയവരിൽ പലരും ടൗൺഷിപ്പിലേക്ക് തിരികെ വരാൻ ആഗ്രഹിച്ച് സർക്കാരിനെ സമീപിക്കുന്നതാണ് കാണുന്നത്. അതാണ് വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കിയതെന്ന് സിപിഎം ജില്ല സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.

Related Articles

Back to top button