രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആദ്യമായി പരസ്യ പ്രതികരണവുമായി ടിഐ മധുസൂദനൻ എംഎൽഎ

പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആദ്യമായി പരസ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎൽഎ ടി ഐ മധുസൂദനൻ. രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും, സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തിൽ തുള്ളിക്കളിക്കുന്ന പാർട്ടിയല്ലെന്നും മധുസൂദനൻ വ്യക്തമാക്കി. ടി ഐ മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം. ശ്രീകൃഷ്ണൻ സ്യമന്തകരത്‌നം കട്ടെടുത്തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോയെന്നും മധുസൂദനൻ ചോദിച്ചു. 

 ധനരാജിന്‍റെ ജന്മനാടായ കുന്നരുവിൽ ഈ ജാഥയ്ക്ക് ലഭിച്ചത് വികാരനിർഭരമായ സ്വീകരണമാണെന്നും, കമ്യൂണിസ്റ്റുകാർക്ക് രക്തസാക്ഷികളുടെ ഫണ്ടിൽ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന് ആലോചിക്കണമെന്നും മധുസൂദനൻ പറഞ്ഞു. രക്ത സാക്ഷി കുടുംബത്തെ അപമാനിക്കാൻ കണക്ക് പുറത്ത് വിടാൻ ആകുമോയെന്നും ടി ഐ മധുസൂദനൻ ചോദിച്ചു. രക്തസാക്ഷി ഫണ്ട് ക്രമക്കേടിൽ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണൻന്‍റെ വീടിന് സമീപമായിരുന്നു ജാഥയ്ക്ക് സ്വീകരണം. വെള്ളൂരിൽ നടന്ന ജാഥയ്ക്ക് പങ്കാളിത്തം കുറഞ്ഞു.

Related Articles

Back to top button