ഇന്ത്യയുടെ അഗ്നിപരീക്ഷണം വിജയം; അഗ്നി-3 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു. 2026 ഫെബ്രുവരി 6-ന് ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം. മിസൈലിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും വിക്ഷേപണത്തിലൂടെ ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. അഗ്നി സീരീസിലെ ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് കൂടുതൽ കരുത്ത് പകരുന്നു. 3000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ അഗ്നി-3 മിസൈലിന് ശേഷിയുണ്ട്. അഗ്നി-1: 700 കിമീ, അഗ്നി-2: 2,000 കിമീ, അഗ്നി-3: 3000 കിമീ, അഗ്നി-4: 4,000 കിമീ, അഗ്നി-5: 5000 കി.മീ എന്നിങ്ങനെയാണ് അഗ്നി സീരീസുകൾ.
ഡിആർഡിഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, പൃഥ്വി മിസൈലുകളുടെ പരിധിയിൽ വരുന്ന (150-350 കിമീ) ലക്ഷ്യങ്ങളെ തകർക്കാൻ ചുരുങ്ങിയത് 220 കിമീ ദൂരപരിധിയിൽ അഗ്നി-1 ഉപയോഗിക്കാൻ സാധിക്കും. ക്രൂയിസ് മിസൈലായ ബ്രഹ്മോസും (30-300 കിമീ പരിധി) അഗ്നി മിസൈലുകളും ചേരുന്നതോടെ 30 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെയുള്ള ഏത് ലക്ഷ്യത്തെയും നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കും.



