സേവാഭാരതി പരിപാടിയിൽ പങ്കാളിത്തം; മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം തേടി

മലപ്പുറം: സേവാഭാരതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം തേടി മുസ്ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ പി.കെ.സി. അബ്ദുറഹിമാനോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പ്രവർത്തകർക്ക് പ്രയാസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്. സംഭവത്തിൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്നും പഞ്ചായത്ത് കമ്മിറ്റി നൽകിയ കത്തിൽ ആവശ്യപ്പെട്ടു.ആഗസ്റ്റ് 15ന് സേവാഭാരതി ചെറുകാവ് യൂണിറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയിലാണ് പി.കെ.സി. അബ്ദുറഹിമാൻ പങ്കെടുത്തത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ശുചീകരണ പരിപാടി അബ്ദുറഹിമാനായിരുന്നു ഉദ്ഘാടനം ചെയ്തത്.പരിപാടിയുടെ ഉദ്ഘാടന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സേവാഭാരതി ചെറുകാവ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റോഡ് ശുചീകരണ പരിപാടി.

Related Articles

Back to top button