വധശിക്ഷ: തൂക്കിലേറ്റൽ രീതി ഭരണഘടനാപരമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിക്കൊല്ലുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നിലവിൽ തൂക്കിലേറ്റുന്ന രീതി തുടരാമെന്ന് വ്യക്തമാക്കിയ കോടതി, ഭാവിയിൽ വേദന കുറവുള്ള ശാസ്ത്രീയ ബദൽ മാർഗങ്ങൾ കണ്ടെത്തിയാൽ വിഷയത്തിൽ പുനഃപരിശോധന നടത്താമെന്നും വ്യക്തമാക്കി.
1983ലെ ‘ദീന വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ തൂക്കിലേറ്റൽ ഭരണഘടനാപരമാണെന്ന് ശരിവെച്ച മൂന്നംഗ ബെഞ്ചിന്റെ വിധി വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്രയാണ് ഹർജി സമർപ്പിച്ചത്. തൂക്കിലേറ്റൽ അതിക്രൂരവും മനുഷ്യത്വവിരുദ്ധവുമാണെന്നും വധശിക്ഷ നടപ്പാക്കാൻ വേദന കുറഞ്ഞ മറ്റ് മാർഗങ്ങൾ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തൂക്കിലേറ്റപ്പെടുന്നയാളുടെ മരണം സംഭവിക്കാൻ ഏകദേശം 40 മിനിറ്റ് വരെ എടുക്കാമെന്നും വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ പരമാവധി അഞ്ച് മിനിറ്റിനുള്ളിൽ മരണം സംഭവിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനൽ പ്രൊസീജർ കോഡിലെ 354-ാം വകുപ്പും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 393(5)-ാം വകുപ്പുമാണ് ഹർജിയിൽ ചോദ്യം ചെയ്തത്.
അതേസമയം, നിലവിലെ രീതിയേക്കാൾ കുറഞ്ഞ വേദന നൽകുന്ന, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ബദൽ മാർഗങ്ങൾ ഭാവിയിൽ ലഭ്യമായാൽ വിഷയത്തിൽ ഭരണഘടനാപരമായ പരിശോധന നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വധശിക്ഷ നടപ്പാക്കാൻ നിലവിലുള്ള രീതിക്ക് പകരം കൂടുതൽ മെച്ചപ്പെട്ട മാർഗങ്ങൾ കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാരിന് പഠനം നടത്താമെന്നും കോടതി പറഞ്ഞു. നിയമം, ഫോറൻസിക് മെഡിസിൻ, ന്യൂറോ സയൻസ്, ക്രിമിനോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് പ്രതികളുടെ അന്തസ്സ് സംരക്ഷിക്കുന്നതും വേദന കുറയ്ക്കുന്നതുമായ ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു.



