കെ.എം. ബഷീർ മരണക്കേസ്: വിചാരണ ഒരു മാസത്തേക്ക്….

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിലാണ് വിചാരണ നീട്ടിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നിയമന ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതോടെയാണ് വിചാരണ നടപടികൾ ഒരുമാസത്തേക്ക് നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചത്.
വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സർക്കാരിനും കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനും കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം. തിരുവനന്തപുരം സെഷൻസ് കോടതി ഒന്നിൽ നിന്ന് നാലാം കോടതിയിലേക്കാണ് കേസ് മാറ്റിയത്. വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കി കേസ് പഴയ കോടതിയിലേക്ക് തന്നെ മാറ്റണമെന്നാണ് ജസീലയുടെ ഹർജിയിലെ ആവശ്യം. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് വിചാരണക്കോടതി മാറ്റിയതെന്നും ഇതോടെ നീതിപൂർവമായ വിചാരണ നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. 2019 ഓഗസ്റ്റ് 3ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.



