കരുവാറ്റ കൊലപാതകം: ശിവൻകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്… മുഖ്യ ആസൂത്രക…

ആലപ്പുഴ: കരുവാറ്റ കൊലപാതക കേസിൽ ശിവൻകുട്ടിയുടെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്. കൃത്യത്തിന് മുമ്പ് ശിവൻകുട്ടി ക്രൂരമായ മർദനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. ഇതേത്തുടർന്ന് തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയിലായ ശേഷമാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താടിയെല്ലിന് മുകളിലും ആഴത്തിലുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മുഖ്യ ആസൂത്രക ബന്ധുവായ 13കാരിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും പദ്ധതി തയ്യാറാക്കിയത് പെൺകുട്ടിയാണെന്നും പൊലീസ് അറിയിച്ചു. വീട്ടിലെ സ്വർണവും പണവും എവിടെയാണെന്നതിനെക്കുറിച്ച് പെൺകുട്ടി കൃത്യമായ വിവരം നൽകിയിരുന്നു. ശിവൻകുട്ടിയെ കൊല്ലണമെന്ന നിർദേശവും പെൺകുട്ടിയാണ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികൾ കരുവാറ്റയിലെത്തിയത്. കൊല്ലത്തുനിന്ന് ട്രെയിനിലാണ് ഇവർ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് സംഘം വീട്ടിനുള്ളിൽ പ്രവേശിച്ചത്. ശബ്ദം കേട്ട് ശിവൻകുട്ടി എത്തിയപ്പോഴാണ് ക്രൂരമായ ആക്രമണം നടന്നത്. 13കാരി ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരാണ് കേസിൽ പൊലീസ് പിടിയിലായിരിക്കുന്നത്. പെൺകുട്ടിക്കൊപ്പം പഠിച്ചവരും പരിചയക്കാരുമാണ് മറ്റ് പ്രതികൾ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രൊഫഷണൽ കൊലപാതകിയല്ല സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വീട്ടിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയത്തിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയിലേക്ക് അന്വേഷണം എത്തിയത്.
67കാരനായ ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ചിരുന്നു. വീടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലുമായിരുന്നു. വീട്ടിൽ നിന്ന് ആറ് പവൻ സ്വർണം മോഷണം പോയിരുന്നു. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ 13കാരി കണ്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് സ്വർണം കവർന്നതെന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. മകൾ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യയും മകൾക്കൊപ്പമായിരുന്നു. ഇതോടെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്ന് പറഞ്ഞ് ബന്ധുവീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടതായി അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ലെന്നും അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. മൃതശരീരം നേരിട്ട് കണ്ടിട്ടും പെൺകുട്ടിയുടെ പെരുമാറ്റത്തിൽ കാര്യമായ ഭാവമാറ്റമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ആദ്യഘട്ട ചോദ്യംചെയ്യലിൽ പെൺകുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടർന്ന് പരീക്ഷ എഴുതാൻ സ്കൂളിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. പിന്നീട് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.



