ശബരിമല മേൽശാന്തിമാരുടെ സഹായികളാകാനുള്ള അപേക്ഷ; ഭൂരിഭാഗം പേർക്കും തിരിച്ചറിയൽ കാർഡ് ലഭിച്ചില്ല

ശബരിമലയിൽ മേൽശാന്തിമാരുടെ സഹായികളാകാൻ അപേക്ഷ നൽകിയ ഭൂരിഭാഗം പേർക്കും ദേവസ്വം വിജിലൻസിന്റെ തിരിച്ചറിയൽ കാർഡ് ലഭിച്ചില്ല. ശബരിമല മേൽശാന്തിയുടെ സഹായികളാകാൻ അപേക്ഷിച്ച 48 പേരിൽ 18 പേർക്ക് മാത്രമാണ് തിരിച്ചറിയൽ കാർഡ് നൽകാനായതെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. മേൽശാന്തി, കഴകം, ഉൾക്കഴകം എന്നിവർക്കുള്ള സഹായികളെ തീരുമാനിക്കുന്നതിൽ പാനൽ തയാറാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.

മേൽശാന്തിമാർ, കഴകം, ഉൾക്കഴകം എന്നിവരുടെ മാത്രം തീരുമാനപ്രകാരം സഹായികളെ നിയമിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കണമെന്നും പരിശോധിച്ചതിൽ നിന്നും അവർ നിർദേശിച്ച പലർക്കും ക്രിമിനൽ പശ്ചാത്തലം ഉള്ളതായും ഹൈക്കോടതി വ്യക്തമാക്കി. സഹായികളായി വരുന്നവരുടെ പശ്ചാത്തലം ദേവസ്വം വിജിലൻസ് വിഭാഗം വഴിയും സ്‌പെഷൽ ബ്രാഞ്ച് വഴിയും ബോർഡ് പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വിജിലൻസ് പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പല അപേക്ഷകരും ഇത്തരം പരിശോധനകളിൽ പരാജയപ്പെട്ടതായി ദേവസ്വം ബോർഡ് അറിയിച്ചു. ആവശ്യമെങ്കിൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന കാര്യം ബോർഡിന് പരിഗണിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Related Articles

Back to top button