സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരുടെ മർദ്ദനം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദ്ദിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് മർദ്ദനമേറ്റത്. കൈക്കും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ഒമ്പത് മണിയോടെയാണ് കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളേയും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സുരേഷിന് മർദ്ദനമേറ്റത്. ആംബുലൻസ് നിർത്തുന്ന ഭാഗത്ത് ഇരുന്നിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരായ രണ്ടു പേരോട് അവിടെ നിന്നും മാറി ഇരിക്കാൻ പറഞ്ഞതായിരുന്നു പ്രകോപനം. ആശുപത്രി വളപ്പിൽ പുരുഷൻമാർക്ക് നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒപി കൗണ്ടറിൻറെ ഭാഗത്തുള്ള ഇരിപ്പിടത്തിലേക്ക് മാറിയിരിക്കാൻ പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ലെന്ന് മർദ്ദനമേറ്റ സുരേഷ് പറഞ്ഞു. പരിക്കേറ്റ സുരേഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗൺ പോലീസ് സ്ഥലത്തെത്തി മർദ്ദിച്ച രണ്ടു പേരേയും കസ്റ്റഡിയിലെടുത്തു. സുരേഷിൻറെ മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ടൗൺ‍ പോലീസ് അറിയിച്ചു.

Related Articles

Back to top button