നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം….

രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ ഉടമകളായ മെറ്റയോട് കേന്ദ്ര സർക്കാർ. കണ്ടന്റ് മോഡറേഷൻ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ട ഉള്ളടക്കം എന്നിവ സംബന്ധിച്ച് മെറ്റയുടെ ആഗോള ടീമുമായ തുടരുന്ന ചർച്ചയ്ക്കിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.
വ്യവസ്ഥകൾക്ക് വിധേയമായി തേർഡ്-പാർട്ടി ഉള്ളടക്കത്തിന്റെ ബാധ്യതകളിൽ നിന്ന് ഇടനിലക്കാർക്ക് പരിരക്ഷ നൽകുന്ന ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ 79-ാം വകുപ്പ് പ്രകാരം സേഫ്-ഹാർബർ പരിരക്ഷയുടെ കാര്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. നിയമം ലംഘിച്ചാൽ സേഫ്-ഹാർബർ പരിരക്ഷ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതായി ഉന്നത വൃത്തങ്ങൾ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ സെൻസർ ചെയ്യുകയോ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയോ അല്ല ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.



