CJP പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്തവരെ…. റിപ്പോർട്ട് തേടി NHRC

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി പങ്കെടുപ്പിച്ചെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) റിപ്പോർട്ട് തേടി. പ്രതിഷേധത്തിൽ കുട്ടികളെ പൊലീസ് നടപടി തടയാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വോട്ടർപട്ടികയിലെ ക്രമക്കേടുകളും പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആറുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ചാണ് മുംബൈയിലെ ശിവാജി പാർക്കിൽ സി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജിയാണ് സംഘടനയുടെ പ്രധാന ആവശ്യം. പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച പ്രതിഷേധത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ദാദർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. കൊൽക്കത്ത, ഗോവ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ശിവാജി പാർക്കിൽ മുൻപ് തന്നെ എതിർപ്പുകളും ഉയർന്നിരുന്നു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാരോപിച്ച് പ്രാദേശികമായി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. അതേസമയം, പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്ന നിലപാടിലാണ് സി.ജെ.പി.



