കൂട്ടുകാരനെ വെട്ടുന്നത് തടഞ്ഞു… യുവാവിനെ കൊടുവാൾ കൊണ്ട്…

പത്തനംതിട്ട: സുഹൃത്തിനെ കൊടുവാൾ കൊണ്ട് വെട്ടാനുള്ള ശ്രമം തടഞ്ഞതിലുള്ള വിരോധത്തെ തുടർന്ന് യുവാവിനെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ചിറ്റാർ വേളിമല കോളനി പ്ലാവൂട്ടിൽ വീട്ടിൽ ഹരികുമാർ (42) ആണ് ചിറ്റാർ പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ ചിറ്റാർ സ്വദേശി സനൂപ് സത്യന് (38) പരിക്കേറ്റിരുന്നു.
ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു സംഭവം. ചിറ്റാർ ടൗണിലെ ബസ് സ്റ്റാൻഡിന് വടക്കുവശത്തുള്ള കെട്ടിടത്തിൽവെച്ച് ഹരികുമാർ, സനൂപിന്റെ സുഹൃത്തായ വിശ്വനാഥനെ കൊടുവാൾ കൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് സനൂപ് തടഞ്ഞതോടെ പ്രതി പ്രകോപിതനായി. തുടർന്ന് ഇതിലുള്ള വിരോധം കാരണം സനൂപിനെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ സനൂപിന്റെ ഇടതുകൈയ്ക്കും നെറ്റിയുടെ ഭാഗത്തും പരിക്കേറ്റു. സംഭവത്തിൽ കേസെടുത്ത ചിറ്റാർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.



