ഞാൻ കുറ്റവാളിയല്ല, ഒളിവിൽ പോകേണ്ട അവസ്ഥ… വളർമതി

തിരുവനന്തപുരം: എൽപിഎസ്ടി സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി നേതാവ് വളർമതി. ഗാന്ധിജി കാണിച്ചുതന്ന സത്യാഗ്രഹ സമരമുറയാണ് നടത്തുന്നത്. എന്നാൽ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും താൻ കുറ്റവാളിയല്ലെന്നും വളർമതി പറഞ്ഞു. നിലവിൽ ഒളിവിൽ പോകേണ്ട അവസ്ഥയാണെന്നും അവർ ആരോപിച്ചു. നീതിക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്. അതിൽ നിന്ന് എങ്ങനെ പിന്നോട്ടുപോകാനാകുമെന്ന് വളർമതി ചോദിച്ചു.

സമരക്കാരോട് ശത്രുതയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വെറും വാക്ക് മാത്രമാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ സമരക്കാരോട് അനുകമ്പ കാണിച്ചവർ ഇപ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അവർ ചോദിച്ചു. സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അതിന്റെ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ടോയെന്നും വളർമതി ചോദിച്ചു. രണ്ട് വർഷത്തെ റിട്ടയർമെന്റ് വേക്കൻസികൾ നൽകണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ഇത് നടപ്പാക്കാൻ കഴിയുന്ന സാഹചര്യം പരിശോധിച്ചശേഷം സർക്കാർ ചർച്ചയ്ക്ക് വിളിക്കണം. രണ്ട് വർഷത്തെ റിട്ടയർമെന്റ് വേക്കൻസികൾ അനുവദിച്ചാൽ സമരം അവസാനിപ്പിക്കുമെന്നും വളർമതി വ്യക്തമാക്കി.

സർക്കാർ അടിച്ചമർത്തൽ നടപടികളുമായി മുന്നോട്ടുപോയാൽ പരിഹാരമുണ്ടാകില്ല. സമരം സമവായത്തിലൂടെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ഉണ്ടാകേണ്ടത്. മാനസികമായും കായികമായും സൈബർ അധിക്ഷേപങ്ങളും നേരിടുന്നുണ്ട്. നീതിക്ക് വേണ്ടിയാണ് പോരാട്ടമെന്നും വളർമതി പറഞ്ഞു. ആരോഗ്യനില സാധാരണ നിലയിലാണെന്നും സമരം പൊളിക്കാനുള്ള ശ്രമങ്ങളുമായി ആരും ഇങ്ങോട്ടേക്ക് വരേണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button