ചുരിദാർ ധരിച്ചതിൻ്റെ പേരിൽ തടഞ്ഞ സംഭവം, സ്‌കൂൾ മാനേജർക്കെതിരെ കേസെടുക്കാത്തതിന് പിന്നിൽ ദുരൂഹത; ആരോപണവുമായി പ്രധാനാധ്യാപിക

കൊട്ടാരക്കര സ്‌കൂളിലെ ചുരിദാര്‍ വിവാദത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനാധ്യാപിക സിന്ധു എസ് നായര്‍. സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും താല്‍കാലിക ജീവനക്കാര്‍ക്കെതിരെ മാത്രം കേസെടുത്തത് കേസ് ഒതുക്കി തീര്‍ക്കാനാണെന്നും സിന്ധു എസ് നായര്‍ ആരോപിച്ചു. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. താല്‍കാലിക ജീവനക്കാരനെ പുറത്താക്കി ഒരു പുകമറ സൃഷ്ടിക്കുകയാണെന്നും സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.
താനൊരു സാധാരണക്കാരിയായതിനാല്‍ സ്‌കൂളില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ പേടിയുണ്ട്. സുരക്ഷയില്ലായ്മ തോന്നുന്നുണ്ട്. ജോലി ചെയ്യാനാണ് സ്‌കൂളിലെത്തിയത്. അപ്പോള്‍ തന്നെ തടഞ്ഞത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ലംഘനമാണ്. ഈ വകുപ്പ് കൂടി കേസിൽ ഉൾപ്പെടുത്തണം. സംഭവത്തില്‍ പോരാട്ടം തുടരുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തില്‍ ഡിഇഒ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നു. സംഭവത്തിൽ സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി കണ്ടെത്തി. കെഇആര്‍ ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രധാനാധ്യാപികയെ മാറ്റി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിഇഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ കൊല്ലം ഡിഡിഇക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഡിഡിഇ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പും ഇടപെട്ടിട്ടുണ്ട്. അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.



