ഇതുവരെയും എസ്ഐടിക്ക് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിഞ്ഞില്ല;  പോറ്റിക്ക് ജാമ്യം കിട്ടിയതില്‍ വിമര്‍ശനവുമായി സതീശൻ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം കിട്ടിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും ദിവസത്തെ അന്വേഷണത്തിന് ശേഷവും എസ്ഐടിക്ക് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സ്വര്‍ണക്കൊള്ളയിൽ പങ്കുള്ള സിപിഐഎമ്മിൻ്റെ വലിയ നേതാക്കന്മാർ പുറത്ത് നിൽക്കുന്നുണ്ടെന്നും,  അവ‍ർ ജയിലിൽ പോകുമെന്ന ഭയമാണ് സർക്കാരിനെന്നും വി ഡി സതീശൻ പറഞ്ഞു. പ്രാഥമികമായി കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടിക്ക് കഴിയാത്തതിലും സതീശൻ വിമർശിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെല്ലാം പുറത്തുവരുന്ന സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

 എസ്ഐടിക്കെതിരെയും സതീശൻ രംഗത്തെത്തി. ഇത്രയും ദിവസമായി എന്ത് തെളിവുകളാണ് എസ്ഐടി ശേഖരിച്ചതെന്ന് സതീശൻ ചോദിച്ചു. കേരളത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സംഭവിക്കുന്ന കാര്യങ്ങളിൽ പ്രതിപക്ഷത്തിനും കേരളത്തിലെ ജനങ്ങൾക്കും ഒരുപോലെ ഉത്കണ്ഠയുണ്ടെന്നും അദേഹം പ്രതികരിച്ചു. കേസിൽ ഗൗരവത്തോടെ അന്വേഷണം നടക്കാനുള്ള സംവിധാനം കോടതി ഉണ്ടാക്കണമെന്നും അദേഹം പറഞ്ഞു. സ്വര്‍ണക്കൊള്ള കേസിൽ ആദ്യം മുതൽ അവസാനം വരെ പ്രതിപക്ഷം പറഞ്ഞ വാക്കുകൾ ഒന്നും മാറ്റി പറയേണ്ടി വന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Back to top button