കാസർകോട് എംഡിഎംഎ കേസിൽ വൻ സാമ്പത്തിക ഇടപാട്… ലക്ഷങ്ങളുടെ ഇടപാടിൽ നിർണായക വിവരങ്ങൾ കണ്ടെത്തി

കാസർകോട്: കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണായക സാമ്പത്തിക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ലഹരി മാഫിയയുമായി ബന്ധമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിലാണ് വൻ തുകയുടെ കൈമാറ്റം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. ഈ തുക മുഴുവൻ ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി റിയയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പല തരത്തിലുള്ള ഇടനിലക്കാരെ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം നൈജീരിയൻ ലഹരി മാഫിയയിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്ന സമയത്ത് റിയയുടെ സാന്നിധ്യമുണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചതായി പറയുന്നു. ബെംഗളൂരുവും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരി ശൃംഖലയുടെ ഭാഗമാണ് പിടിയിലായ പെരുമ്പാവൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെടെയുള്ളവരെന്നാണ് പൊലീസിന്റെ നിഗമനം.

പിടിയിലായ സംഘത്തിലെ ചിലർക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്നും മറ്റുചിലർ സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകിയിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സ്റ്റേറ്റ്മെന്റുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ചന്തേര പൊലീസ് നീക്കം. സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.അതേസമയം, കേസ് രാഷ്ട്രീയമായും വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്.

Related Articles

Back to top button