ആലപ്പുഴ; പള്ളിപ്പുറം അമ്പിളി കൊലപാതക കേസിൽ ഭര്‍ത്താവ് രാജേഷ് കുമാറിന് ഇരട്ട ജീവപര്യന്തം, കുത്തിയത് 17 തവണ….

ചേർത്തല പള്ളിപ്പുറം അമ്പിളി കൊലപാതക കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന പ്രതി രാജേഷ് കുമാറിനെയാണ് ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്.
2024 മേയ് 18 ന് പള്ളിപ്പുറത്ത് നടുറോഡിൽ വച്ചാണ് അമ്പിളിയെ രാജേഷ് കുമാർ കുത്തിക്കൊന്നത്. പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു തെക്കുഭാഗത്തായിരുന്നു സംഭവം. അമ്പിളിയുടെ ശരീരത്തിൽ 17 കുത്തുകളുണ്ടായിരുന്നു. തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റായിരുന്നു അമ്പിളി. കളക്ഷൻ കഴിഞ്ഞ് അമ്പിളി സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് രാജേഷ് ആക്രമിച്ചത്. രാജേഷ് അമ്പിളിയുടെ നെഞ്ചിലും കഴുത്തിലും, മുതുകിലും കുത്തി. അമ്പിളിയും രാജേഷും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണം. കുത്തിക്കൊന്ന ശേഷം അമ്പിളിയുടെ കളക്ഷൻ പണവുമായി രാജേഷ് രക്ഷപ്പെട്ടു. ഒടുവിൽ കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.




