നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മാവേലിക്കരയിൽ കഞ്ചാവുമായി പിടിയിലായി

മാവേലിക്കര- ഒപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 30 ഗ്രാം കഞ്ചാവുമായി ജൂലി തോമസ് (42) പിടിയിലായത്. തൂഫാൻ ആരംഭിച്ചതിന് ശേഷം ഇയാളെ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. മാവേലിക്കര, കായംകുളം ഭാഗത്ത് പലയിടത്തായി മാറിമാറി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ. വർഷങ്ങളായി നേരിട്ട് അല്ലാതെ മറ്റ് ആൾക്കാരെകൊണ്ട് ലഹരി വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. ചെറിയ അളവിൽ കഞ്ചാവ് മാത്രമാണ് ഇയാൾ കൊണ്ടു നടക്കുന്നത്. ഇയാളുടെ വാടക വീട്ടിൽ പരിശോധന നടത്തിയെങ്കിലും കുടുതൽ ലഹരി വസ്തുക്കൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ച് കൂടുതൽ കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്. അബ്രഹം കോശി എന്നയാളെ 5ഗ്രാം കഞ്ചാവുമായി പിടി കുടിയിരുന്നു. അയാൾക്ക് വിണ്ടും കഞ്ചാവ് കൊടുക്കുവാൻ ബൈക്കിൽ വരുമ്പോഴാണ് ജൂലി പൊലീസ് പിടിയിലായത്.




