പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി; ഉറക്കത്തിനിടെ..

കൊല്ലം സ്വദേശി സൗദിയിലെ റിയാദിൽ അന്തരിച്ചു. കൊട്ടാരക്കരയ്ക്കു സമീപം പുത്തൂർ വല്ലഭൻകര അജിത്ത് ഭവനിൽ പരേതനായ പി. ജോണിന്റെ മകൻ അജിത്ത് ജോൺ ആണ് മരിച്ചത്. 38 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു അജിത്ത്. റിയാദിൽ കുടുംബത്തോടൊപ്പമാണ് അജിത്ത് കഴിഞ്ഞിരുന്നത്. ഒരു മാസം മുൻപാണ് അമ്മ ലിസി ജോൺ മകനെ സന്ദർശിക്കാനായി റിയാദിലെത്തിയത്. ഓഗസ്റ്റ് 24ന് അജിത്തിന്റെ പിറന്നാൾ വരാനിരിക്കെയാണ് മരണം. അജിത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും പ്രവാസി മലയാളി സമൂഹവും.
ആറു വർഷം മുൻപാണ് സൗദിയിലെ ഗാസിമിൽ എത്തിയത്. അതിനു മുൻപ് എട്ടു വർഷത്തോളം ദുബായിൽ ജോലി ചെയ്തിരുന്നു. മൃതശരീരം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. ഭാര്യ: റെൻസി (നഴ്സ്). മക്കൾ: ആലിയ, ഡാലിയ. അമ്മ: ലിസി ജോൺ. സഹോദരൻ: ലിജിത്ത് ജോൺ.



