‘നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ല’..സത്യം തെളിഞ്ഞു വരട്ടെയന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമം എന്ത് നടപടിയാണോ എടുക്കുന്നത് അതിനെതിരായി കോൺഗ്രസ് പാർട്ടിയോ അതിന്റെ നേതാക്കളോ ഒരു നിലപാടും എടുക്കില്ലെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ലെന്നും ഇനിയും ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടാകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
‘ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ പരാതി ലഭിച്ചപ്പോൾ പാർട്ടി തന്നെയാണ് അത് പോലീസിന് കൈമാറിയത്. പിന്നാലെ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ നിയമപരമായി മുന്നോട്ടുപോവുകയാണ്. അതിൽ നീതി നടപ്പാവട്ടെ.’ ഷാഫി പറമ്പിൽ പറഞ്ഞു.
‘എന്താണോ സത്യസന്ധമായ കാര്യം, അത് പോലീസിന്റെ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. അതിൽ രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനാണ് എന്ന് തെളിഞ്ഞാൽ പിന്നീട് എന്താണ് ചെയ്യേണ്ടതെന്ന് നിയമം തീരുമാനിക്കട്ടെ. അതിന് തടസമായിട്ട് കോൺഗ്രസ് പാർട്ടിയോ, കോൺഗ്രസ് പാർട്ടിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോ സുഹൃത്തുക്കളോ ആയ ആരും ഇറങ്ങിനിൽക്കില്ല.’ എംപി വ്യക്തമാക്കി.
‘നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അതിനുള്ള എല്ലാ സാധ്യതകളും, എല്ലാ സാഹചര്യങ്ങളും പാർട്ടി ഒരുക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുക്കാവുന്ന നടപടികളെല്ലാം പാർട്ടി എടുത്തുകഴിഞ്ഞു. രാഹുലിന്റെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിയെക്കുറിച്ചും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രതികരിച്ചുകഴിഞ്ഞു. ഞങ്ങളുടെ ഉത്തരവാദിത്തങ്ങളെല്ലാം കോൺഗ്രസ് നിറവേറ്റിക്കഴിഞ്ഞു.’ അദ്ദേഹം പറഞ്ഞു.
‘രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല. അതുകൊണ്ടുതന്നെ ഇനിയും രാഹുലിന്റെ കാര്യത്തിൽ പാർട്ടി എന്തെങ്കിലും നടപടിയായി സ്വീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കിക്കഴിഞ്ഞു. അതിനുമുകളിലായി പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ ഇനി ഞാൻ വ്യക്തിപരമായ അഭിപ്രായം പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.’ ഷാഫി വ്യക്തമാക്കി.
‘രാഹുൽ മാങ്കൂട്ടത്തിലും ഞാനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്നതിലോ, പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതിലോ, പാർട്ടിയിൽനിന്ന് പുറത്താക്കുന്ന കാര്യത്തിലോ അടക്കം ഒരു നടപടിക്കും ആ സൗഹൃദം തടസമായി മാറിയിട്ടില്ല. കോൺഗ്രസ് ഒരു പാർട്ടി എന്ന നിലയിൽ, ഇത്തരമൊരു വിഷയത്തിൽ മറ്റേതൊരു പ്രസ്ഥാനവും സ്വീകരിച്ചതിനെക്കാളും വ്യക്തമായ നിലപാടുകളും നടപടികളും സ്വീകരിച്ചിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.
‘ഈ വിഷയത്തിൽ ഞങ്ങളെ ഉപദേശിക്കുന്ന ആളുകൾ മനസിലാക്കേണ്ട ഒരു കാര്യം, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിലും പാർട്ടിയിലും ഉള്ള ആളുകൾ ഈ രണ്ടിടത്തും തുടരുകയാണ്. ശബരിമല കേസുമായി ബന്ധപ്പെട്ട് ഒരാൾ ജയിലിലും മറ്റൊരാൾ പാർട്ടിയിലും തുടരുകയാണ്. മറ്റ് ആരോപണങ്ങളുമായി ബന്ധപ്പെട്ട ആളുകളും പാർട്ടിയിലും നിയമസഭയിലും തുടരുകയാണ്. അതിലൊന്നും അവരാരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ ഉപദേശം ഞങ്ങൾക്ക് വേണ്ട.’ ഷാഫി പറഞ്ഞു.
‘എനിക്ക് ഫ്ളാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ? ഞാൻ എന്തിന് അതിന് മറുപടി പറയണം? കോൺഗ്രസ് പാർട്ടി എടുത്തിരിക്കുന്ന നിലപാടും നടപടികളും കേരളത്തിലെ പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയും ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതുണ്ട് എന്ന് കരുതുന്നില്ല. ഇനി ഈ വിഷയത്തിൽ എന്റെ പ്രതികരണം ഉണ്ടാവില്ല. നിയമനടപടികൾ മുന്നോട്ടുപോട്ടെ, സത്യം തെളിയട്ടെ, നീതി ലഭിക്കേണ്ടവർക്ക് ലഭിക്കട്ടെ.’ ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി.



