ആലപ്പുഴ കൊലപാതകം: നടന്നത് കൃത്യമായ പ്ലാനിങ്ങ്, തമിഴ് സിനിമ പ്രചോദനമായെന്ന് പ്ലസ് വൺ വിദ്യാർഥി….

ആലപ്പുഴ: കരുവാറ്റയിലെ 67കാരനായ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വീടിന്റെ മേൽക്കൂര പൊളിച്ച് അകത്തുകടന്ന് വലിയ കല്ല് തലയിൽ ഇട്ട് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് കേസിലെ പ്രതിയായ പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി. 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സ്‌പൈഡർ’ ആണ് ഈ ആശയത്തിന് പ്രചോദനമായതെന്നും കുട്ടി പോലീസിനോട് പറഞ്ഞതായാണ് വിവരം. വീടിന്റെ ഓട് ഇളക്കിമാറ്റി അകത്തുകടക്കാനായിരുന്നു ആദ്യം ശ്രമം. എന്നാൽ ഓടിന് താഴെ മച്ച് ഉണ്ടായിരുന്നത് പദ്ധതി തടസ്സപ്പെടുത്തി. മച്ചില്ലാത്ത ഭാഗത്തുകൂടി ഇറങ്ങാനും കഴിയാതെ വന്നതോടെ ഈ പദ്ധതി ഉപേക്ഷിച്ചു.

തുടർന്ന് വിഷം നൽകി കൊലപ്പെടുത്തുന്നതും വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുന്നതും ഉൾപ്പെടെ വിവിധ മാർഗങ്ങൾ പ്രതികൾ ആലോചിച്ചിരുന്നതായാണ് 13കാരിയും ആൺ സുഹൃത്തും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമായത്. കരുനാഗപ്പള്ളിയിലെ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പണം നൽകാമെന്ന് പറഞ്ഞിട്ടും സംഘം ക്വട്ടേഷൻ ഏറ്റെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രി കൊല്ലത്തുനിന്ന് ട്രെയിനിൽ കരുവാറ്റയിലെത്തിയ പ്രതികൾ ശിവൻകുട്ടി ഉറങ്ങിയെന്ന് മനസിലാക്കിയ ശേഷം വീടിന്റെ മേൽക്കൂരയിൽ കയറിയതായാണ് പോലീസ് പറയുന്നത്. ഓട് ഇളക്കി അകത്തുകടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ 13കാരിയുടെ സന്ദേശം എത്തി. വീടിന്റെ വെന്റിലേഷൻ ഭാഗത്ത് വലിയ ദ്വാരമുണ്ടെന്നും അതുവഴി അകത്തുകടക്കാമെന്നുമായിരുന്നു സന്ദേശം. തുടർന്ന് ഒരാൾ വെന്റിലേറ്ററിലൂടെ വീടിനുള്ളിൽ കയറി വാതിൽ തുറന്നുകൊടുത്തതോടെ മറ്റുള്ളവരും അകത്തുകയറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശബ്ദം കേട്ട് ശിവൻകുട്ടി എത്തിയതോടെ പ്രതികൾ അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയായിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് സന്ദേശങ്ങൾ മായ്ക്കാതിരുന്നതാണ് പ്രതികൾക്ക് തിരിച്ചടിയായത്. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിലാണ് ചാറ്റുകൾ ഒഴിവാക്കാതിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ശിവൻകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ 13കാരി ആൺ സുഹൃത്തിന് അയച്ചതടക്കമുള്ള ഫോൺ രേഖകളും കേസിൽ നിർണായക തെളിവുകളാകുമെന്നാണ് പോലീസ് കരുതുന്നത്. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പെൺകുട്ടി വീഡിയോ കോളിലൂടെ കണ്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശിവൻകുട്ടിയുടെ മൃതദേഹം കൈകാലുകൾ ബന്ധിച്ചും വിവസ്ത്രനായ നിലയിലുമാണ് വീട്ടിൽനിന്ന് കണ്ടെത്തിയത്. വീടിനുള്ളിൽ മുളകുപൊടി വിതറിയിരുന്നു. ആറ് പവൻ സ്വർണവും വീട്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് സ്വർണം കവർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ 13കാരി ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇവരിൽ കൂട്ടുപ്രതികളായവർ പെൺകുട്ടിയുടെ സഹപാഠികളും പരിചയക്കാരുമാണ്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളിയല്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. വീട്ടിനുള്ളിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും നിലനിന്നിരുന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയടക്കമുള്ള കൗമാരക്കാരിലേക്കാണ് അന്വേഷണം എത്തിയത്. 2017ൽ എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത ‘സ്‌പൈഡർ’ എന്ന തമിഴ് ചിത്രത്തിൽ തലയിൽ കല്ലിട്ട് കൊലപാതകം നടത്തുന്ന രംഗങ്ങളുണ്ട്. കരുവാറ്റയിലെ കൊലപാതകത്തിന്റെ ആസൂത്രണത്തിലും സമാനമായ ആശയം ഉപയോഗിച്ചെന്ന മൊഴിയാണ് കേസിനെ കൂടുതൽ ഞെട്ടിക്കുന്നതാക്കുന്നത്.

Related Articles

Back to top button