മാസപ്പടി കേസിൽ ഇഡിക്ക് നിർണായക വിവരങ്ങൾ… റെയ്ഡിൽ പിടിച്ച മൊബൈലിൽ….

കൊച്ചി: മാസപ്പടി കേസിലെ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. കോഴിക്കോട് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഇഡി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധന തുടരുകയാണ്.
ഓഗസ്റ്റ് 18ന് കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കേസിൽ ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയായിരുന്നു ഇത്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചുവെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നാണ് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. റിയാസുമായി അടുത്ത ബന്ധമുള്ളവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു കോഴിക്കോട് പരിശോധന. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി. നിഖിലിന്റെ അശോകപുരത്തെ കോസ്മോസ് ഫ്ലാറ്റിലും ഫറോക്ക് കരുവൻതുരുത്തിയിലെ വീട്ടിലും പരിശോധന നടന്നതായി റിപ്പോർട്ടുകളുണ്ട്. മുഹമ്മദ് റിയാസിന്റെ സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി.
മാസപ്പടി കേസിൽ വീണ ടി.യെ ഇഡി രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് വീണ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണത്തിൽ നിർണായകമാകുമോയെന്നാണ് ഇനി ശ്രദ്ധേയമാകുന്നത്.



