‘ലഹരിവിരുദ്ധ’ ഡിവൈഎഫ്ഐ നേതാവ് തന്നെ ലഹരിക്കേസിൽ….

തൊടുപുഴ: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. ഇടവെട്ടിയിൽ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിച്ചിരുന്ന സംഘത്തിന്റെ പക്കൽനിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

ലഹരിക്കെതിരെ വലിയ പ്രചാരണം നടത്തിയിരുന്ന ഡിവൈഎഫ്ഐ നേതാവാണ് ഷിയാസ് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷിയാസിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും വിവരമുണ്ട്. ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയശേഷമാണ് ഷിയാസ് വീണ്ടും പാർട്ടി പ്രവർത്തനത്തിൽ സജീവമായതെന്നാണ് വിവരം. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിടിയിലായവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചും സംഘത്തിന് പിന്നിലുള്ളവരെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

Related Articles

Back to top button