വന്ദേ ഭാരതിലെ ഭക്ഷണ സേവനങ്ങളിൽ അടിമുടി മാറ്റം; വിമാനങ്ങളിലേതു പോലെ രുചിവൈവിധ്യമുള്ള ഭക്ഷണം

വന്ദേ ഭാരതിലും അമൃത് ഭാരത് ട്രെയിനുകളിലും ഭക്ഷണ സേവനങ്ങളിൽ അടിമുടി മാറ്റം. ഭക്ഷണം നൽകുന്നതിനുള്ള കരാർ വിമാനങ്ങളിലേതു പോലെയാക്കുമെന്ന് ഐആർസിടിസി. വന്ദേഭാരതിലെ ഭക്ഷണത്തെച്ചൊല്ലി ഒട്ടേറെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ഗുണനിലവാരം ഉയർത്താനും രുചിവൈവിധ്യമുള്ള ഭക്ഷണം നൽകാനുമാണ് സേവനങ്ങളിൽ അടിമുടി മാറ്റം വരുത്തുന്നതെന്ന് ഐആർസിടിസി പറയുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ 6 ട്രെയിനുകളിലെ ഭക്ഷണവിതരണം പ്രമുഖ കമ്പനികളെ ഏൽപിച്ചു. കാസർകോട് – തിരുവനന്തപുരം (20633/20634), മംഗളൂരു– തിരുവനന്തപുരം (20631/20632) വന്ദേഭാരത് എക്സ്‌പ്രസുകളും ഇക്കൂട്ടത്തിലുണ്ട്. കാസിനോ എയർ കേറ്ററിങ് ആൻഡ് ഫ്ലൈറ്റ് സർവീസസാണ് ഈ ട്രെയിനുകളിൽ ഭക്ഷണം നൽകുക. റസ്റ്ററന്റുകളിലേതിനു സമാനമായ മെനു ലഭ്യമാക്കുമെന്നും പ്രാദേശിക വിഭവങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുമെന്നും ഐആർസിടിസി അറിയിച്ചു.
ഡൽഹി–സീതാമർഹി അമൃത് ഭാരത്, അഹമ്മദാബാദ്–വെരാവൽ വന്ദേ ഭാരത്, ശ്രീ മാതാ വൈഷ്ണോ ദേവി കട്ര–ശ്രീനഗർ വന്ദേ ഭാരത്, ബാപുധാം മോത്തിഹാരി–ആനന്ദ് വിഹാർ അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണു മറ്റു ട്രെയിനുകൾ.



