തനിക്കെതിരെ കടന്ന കൈയും വൃത്തികെട്ട വ്യാജപ്രചാരണവും… വിതുമ്പലോടെ പി.കെ. ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ അസംബന്ധവും വൃത്തികെട്ടതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കണ്ണീരോടെ വിതുമ്പിക്കൊണ്ട് മുൻമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് താൻ നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നുവെന്നാണ് വ്യാജപ്രചാരണം നടക്കുന്നത്. തനിക്കെതിരെ വസ്‌തുതാവിരുദ്ധമായ വാർത്തകൾ നൽകുന്ന യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ളവയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ചതായും പി.കെ. ശ്രീമതി പറഞ്ഞു.
ഏറെക്കാലമായി ഇത്തരം വ്യാജവാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. കുടുംബത്തിനെതിരെ പോലും മോശമായ രീതിയിലാണ് പ്രചാരണം നടത്തുന്നത്. യൂട്യൂബ് ചാനലുകളെ ഉപയോഗിച്ച് വളരെ വൃത്തികെട്ട രീതിയിലാണ് പ്രചരണം നടത്തുന്നത്. ഇത് കടന്ന കൈയാണ്. ‘തീവ്രത’ എന്ന വാക്ക് ഞാൻ ഉപയോഗിച്ചിട്ടേയില്ല. ഒരു സ്ത്രീയോട് എന്നല്ല, ആരോടും ഇത്തരത്തിൽ ചെയ്യാൻ പാടില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു. സമൂഹ മധ്യത്തിൽ തനിക്ക് അവമതിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് അവർ കുറ്റപ്പെടുത്തി. തനിക്കെതിരെ നിരന്തരം നടക്കുന്ന ഈ വ്യാജപ്രചാരണങ്ങളെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളാരും ചോദിക്കുന്നില്ലെന്നും പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി.



