വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു…. അമ്മയ്ക്കും മകനും…

ഒറ്റപ്പാലം: ഒറ്റപ്പാലം കടമ്പൂർ മാണിക്കംപാറയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ തീവ്രതയിൽ പടക്കം ശേഖരിച്ചിരുന്ന വീട് പൂർണമായും തകർന്നു തരിപ്പണമായി. കൂടാതെ, സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകളുടെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ ജാനകിയെയും ഷാജേഷിനെയും ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
