കോടതിയിൽ മാപ്പ് പറഞ്ഞ് പുറത്തിറങ്ങി… പിന്നാലെ സിജെപി നേതാക്കൾക്ക്….

ഡൽഹി: ഡൽഹിയിൽ സിജെപി (CJP) നേതാക്കൾക്കെതിരെ നടപടി കടുപ്പിച്ച് ക്രൈം ബ്രാഞ്ച്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്കാണ് അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. ജന്തർ മന്ദറിലേക്ക് പ്രതിഷേധപ്രകടനമായി എത്തിയപ്പോൾ സർക്കാർ ഉത്തരവുകൾ ലംഘിച്ചതിനും, സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജന്തർ മന്ദറിൽ പ്രതിഷേധിക്കില്ലെന്ന് ഉറപ്പുനൽകി മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് സിജെപി നേതാക്കൾ തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഏഴ് ദിവസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു ഇന്നലെ അശുതോഷ് റാങ്കയും സൗരവ് ദാസും ജയിൽ മോചിതരായത്. സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഡൽഹി ഹൈക്കോടതിയിലും കനത്ത തിരിച്ചടിയേറ്റ സിജെപി നേതാക്കൾ, ജന്തർ മന്ദറിൽ പ്രതിഷേധിക്കുകയോ അതിന് ആഹ്വാനം ചെയ്യുകയോ ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയാണ് ജാമ്യം നേടിയത്. കോടതിയിൽ മാപ്പ് പറഞ്ഞ് പുറത്തിറങ്ങിയ സാഹചര്യത്തിൽ സിജെപിയുടെ തുടർ നീക്കങ്ങൾ രാഷ്ട്രീയമായി ഏറെ നിർണായകമാണ്. ജന്തർ മന്ദറിന് പകരം മറ്റൊരു വേദി കണ്ടെത്തി സമരം തുടരുമോ എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ, സമരപരിപാടികൾ സംബന്ധിച്ച് കൂടിയാലോചനകൾ തുടരുകയാണെന്നാണ് സിജെപി നേതാക്കൾ വ്യക്തമാക്കുന്നത്.

Back to top button