കേരളത്തിൽ ആശയഭിന്നതകൾ മാത്രമാണ് ഉണ്ടായത്, വിവാദങ്ങളല്ല… കേരള ഗവർണർ പദവിയൊഴിയുന്ന രാജേന്ദ്ര ആർലേക്കർന് സർക്കാരിന്റെ യാത്രയയപ്പ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഒരിക്കലും ഗുണം ചെയ്യുകയല്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് ആശയ ഭിന്നതകൾ മാത്രമാണെന്നും അവയൊന്നും വിവാദങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഗവർണർ പദവിയിലെ അവസാനത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തനിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും ഗവർണർ പറഞ്ഞു.
കേരളത്തിൽ വളരെ ക്രിയാത്മകമായ കാലഘട്ടമാണ് പിന്നിട്ടത്. സർക്കാരും ജനങ്ങളും വിവിധ ഘട്ടങ്ങളിൽ സഹകരിച്ചതുകൊണ്ടാണ് നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞതെന്നും, രണ്ട് സർക്കാർ കാലഘട്ടങ്ങളിലും നല്ല ബന്ധം പുലർത്താൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങൾ തന്നെ സന്തോഷത്തോടെ ഏറ്റെടുത്തതിന് അദ്ദേഹം നന്ദിയും അറിയിച്ചു. കേരള ഗവർണർ പദവി ഒഴിയുന്ന രാജേന്ദ്ര ആർലേക്കറിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30-ന് നൽകുന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. തമിഴ്നാട് ഗവർണറായി നിയമിക്കപ്പെട്ട ആർലേക്കർ അവിടെ ഇതിനോടകം ചുമതലയേറ്റിരുന്നു.
അതേസമയം, കേരളത്തിന്റെ നിയുക്ത ഗവർണറായ ഓംപ്രകാശ് മാഥൂർ ഇന്ന് തിരുവനന്തപുരത്ത് എത്തും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത ഗവർണർ പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തും.




