കൊച്ചി സിനഗോഗ് ആക്രമണം…. പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ മുഖ്യപ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിൽ ആൾത്താമസമില്ലാത്ത കെട്ടിടം ആക്രമിച്ചതിലും, യൂസ്ഡ് കാർ ഷോറൂം അടിച്ചു തകർത്ത് തീയിട്ടതിലുമാണ് എബിനെതിരെ പുതിയ കേസുകൾ കൂടി ചുമത്തിയത്. കെട്ടിടങ്ങൾ തകർക്കണമെന്ന ഉദ്ദേശത്തോടെ തീവെച്ചതിന് കർശനമായ ബിഎൻഎസ് 326 G വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതോടെ എബിൻ പോളിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി ഉയർന്നു. കഴിഞ്ഞ ജനുവരിയിലും മാർച്ച് 18-നുമായിരുന്നു മൂവാറ്റുപുഴയിലെ ഈ അതിക്രമങ്ങൾ നടന്നത്. ഈ ആക്രമണങ്ങൾ സിനഗോഗ് ആക്രമണത്തിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട വിവരം പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി ‘ബോസ്’ എന്ന് വിളിക്കുന്ന അജ്ഞാത വ്യക്തിക്ക് അയച്ചു നൽകിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. സിനഗോഗിന് മുന്നിൽ തീയിട്ടതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾക്കായി ടെലഗ്രാം അധികാരികളുടെ മറുപടിക്ക് കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

ടെലഗ്രാമിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നതോടെ പ്രതിക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തുമെന്നാണ് സൂചന. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനകൾ പുരോഗമിക്കുകയാണ്. ബോസുമായുള്ള ടെലഗ്രാം ചാറ്റുകൾ ഇതിനോടകം തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ടെലഗ്രാമിൽ നിന്നുള്ള മറുപടി ലഭിച്ചാലുടൻ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Related Articles

Back to top button