ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവം….ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു….
കാസർഗോഡ് അമ്പലത്തറയിൽ ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ, ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്. രാകേഷിന്റെ അച്ഛനും അമ്മയും സഹോദരനും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ചേഷ് (37 ) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് ഗോപിയേയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ച ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യശ്രമം പുറത്തറിയുന്നത്.
അയൽക്കാരൻ പൊലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചു. മറ്റൊരു മകനായ രാകേഷ് (35) ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാകേഷിന്റെ മരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.




