കാസർകോട് സീതാംഗോളിയിൽ യുവാവ് മരിച്ച നിലയിൽ…. തലയ്ക്ക് ഗുരുതര പരിക്ക്, കൊലപാതകമെന്ന് സംശയം

കാസർകോട്: ജില്ലയിലെ സീതാംഗോളിയിൽ യുവാവിനെ ഗുരുതരമായ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള ആളൊഴിഞ്ഞ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
സഫയദിന്റെ തലയ്ക്ക് മാരകമായ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിലായിരുന്ന മൃതദേഹം ഇന്ന് പുലർച്ചെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ പോലീസ് ഇത് കൊലപാതകമാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
സംഭവസ്ഥലത്തെത്തിയ കുമ്പള പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സീതാംഗോളി ബീവറേജ് ഔട്ട്‌ലെറ്റിന് പരിസരത്തായതിനാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സഫയദ് എങ്ങനെ ഇവിടെ എത്തിയെന്നും ആരെങ്കിലുമായി തർക്കങ്ങൾ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.



