ശബരിമല കേസ്… കോടതി നിശ്ചയിച്ച പരിധി ലംഘിക്കരുത്… ബിജെപി നേതാവിന് സുപ്രീം കോടതിയുടെ കർശന താക്കീത്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലെ വാദത്തിനിടെ സുപ്രീം കോടതിയിൽ നാടകീയ നീക്കങ്ങൾ. കേസിൽ കേരള സർക്കാരിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച് കേരള ബ്രാഹ്മണ ഫെഡറേഷൻ രംഗത്തെത്തിയപ്പോൾ, കോടതി നിശ്ചയിച്ച പരിധി വിട്ട് വാദിച്ച അഭിഭാഷകന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് താക്കീത് നൽകി.

നിലവിലുള്ള ക്ഷേത്ര ആചാരങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേരള ബ്രാഹ്മണ ഫെഡറേഷൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈശ്വരവിശ്വാസിയല്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിൽക്കുന്നതും ആചാരങ്ങൾ പാലിക്കാത്തതും തടയണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. വിശ്വാസികളല്ലാത്തവർ അധികാരത്തിൽ വരുമ്പോൾ സർക്കാർ എന്ന നിലയിൽ ശബരിമലയിൽ അധികാരം പ്രയോഗിക്കുന്നതിലൂടെ ആചാരലംഘനം നടക്കുകയാണെന്ന് ഫെഡറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷ് വാദിച്ചു. ശബരിമലയിലെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കേസിൽ വാദം നടത്തുന്നതിനിടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായയ്ക്ക് സുപ്രീം കോടതി കർശന താക്കീത് നൽകി. കോടതി നേരത്തെ നിശ്ചയിച്ച ഏഴ് ഭരണഘടനാപരമായ ചോദ്യങ്ങളിൽ ഊന്നി നിന്ന് വേണം വാദിക്കാൻ എന്ന് ജസ്റ്റിസുമാർ നിർദ്ദേശിച്ചു. കഴിഞ്ഞ 200 വർഷത്തിനിടെ ഇന്ത്യ ഏഴ് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു എന്ന തരത്തിൽ ചരിത്രപരമായ പരാമർശങ്ങൾ നടത്തിയപ്പോഴാണ് കോടതി ഇടപെട്ടത്. നിശ്ചയിക്കപ്പെട്ട വിഷയങ്ങൾക്ക് അപ്പുറം പോകരുതെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.

Related Articles

Back to top button