വാടകവീട്ടിൽ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം… മൃതദേഹത്തിന്….

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസി (36) ആണ് മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു ഫ്ലോറൻസി താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ നഗ്നമായ നിലയിലായിരുന്നു.
വീടിന്റെ പിന്നിലെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തിയതോടെയാണ് കൊലപാതക സാധ്യതയടക്കം പൊലീസ് അന്വേഷിക്കുന്നത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. നാലു മാസം മുൻപാണ് ഫ്ലോറൻസി ഇവിടെ താമസം മാറിയതെന്നാണ് വിവരം. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. ബ്രോക്കർ വഴിയാണ് ഇവർ വാടകവീട് കണ്ടെത്തിയത്. ഏതാനും ദിവസമായി ഫ്ലോറൻസിയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പ്രസിഡന്റ് വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. സ്ഥലത്ത് നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാവിലെ എട്ടരയോടെ സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന്റെ പിന്നിലെ വാതിലുകളിലൊന്ന് തുറന്ന നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിന് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.



