SFI പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്… ഡിജിപിക്ക് പരാതി നൽകി…

തിരുവനന്തപുരം: സമരത്തിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ. സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരാൻ എസ്‌ഐടി അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. വിദ്യാർഥികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ആശങ്കാജനകമാണെന്നും ഗുരുതരമായ കുറ്റം ചുമത്തുന്നത് വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും ബാധിക്കുമെന്നും എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കെതിരെ ചുമത്തിയ കുറ്റം പുനഃപരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ, പൊലീസ് ക്യാമറകളിലെ ദൃശ്യങ്ങൾ, മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ, മൊബൈൽ ഫോൺ വീഡിയോകൾ എന്നിവ ശേഖരിച്ച് പരിശോധിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ചികിത്സ തേടിയ ആശുപത്രികളിലെ മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങളും പരിശോധിച്ച് പരാതികളിലെ ആരോപണങ്ങളുടെ യാഥാർഥ്യം ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് അടക്കം 31 പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ വൈഷ്ണവിയുടെ പേരിലും കേസെടുത്തിട്ടുണ്ട്. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. എസ്എപി ബറ്റാലിയൻ അംഗം ജയകൃഷ്ണനെ തടികൊണ്ട് തലയിലടിക്കാൻ ശ്രമിച്ചെന്നും കൈയും കമ്പും ഉപയോഗിച്ച് ആക്രമിച്ചെന്നുമാണ് എഫ്‌ഐആറിലെ ആരോപണം. കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായികദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. ഈ മാർച്ചിന് നേരെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.

Related Articles

Back to top button