ഓണം വന്നതോടെ മുല്ലപ്പൂവിന് ‘പൊന്നുംവില’

ഓണക്കാലമെത്തിയതോടെ സംസ്ഥാനത്ത് പൂക്കളുടെ വില കുതിച്ചുയരുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് വിലയിൽ വൻ കുതിപ്പ്. കേരളത്തിൽ ഒരു മുഴം മുല്ലപ്പൂവിന് 70 മുതൽ 80 രൂപ വരെയാണ് നിലവിലെ വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യത. തമിഴ്നാട്ടിൽ മുല്ലപ്പൂവിന്റെ വില കിലോഗ്രാമിന് 4000 മുതൽ 6000 രൂപ വരെയെത്തിയിട്ടുണ്ട്.

മറ്റ് പൂക്കൾക്കും വിലയിൽ വർധനയുണ്ട്. അരളിപ്പൂവിന്റെ വില കിലോഗ്രാമിന് 450 രൂപയിൽ നിന്ന് 500 രൂപയായി. വെള്ള ജമന്തിക്കും ചെത്തിക്കും കിലോഗ്രാമിന് 600 രൂപയാണ് വില. ബട്ടൺ റോസ്, പൂജ റോസ് എന്നിവയുടെ വിലയും ഉയർന്നു. കിലോഗ്രാമിന് 380, 350 രൂപയായിരുന്ന വില ഇപ്പോൾ 500 രൂപയിലെത്തി. മഞ്ഞ ജമന്തിക്ക് കിലോഗ്രാമിന് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ് നിലവിലെ വില. താമരമൊട്ടിന്റെ വില വലുപ്പത്തിനനുസരിച്ചാണ്. 50 മുതൽ 150 രൂപ വരെയാണ് വില. വാടാമുല്ലയ്ക്ക് കിലോഗ്രാമിന് 200 രൂപയാണ് വില. ശതാവേരിക്ക് ഒരു കെട്ടിന് 300 രൂപ നൽകണം. ഓണപ്പൂക്കളത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് വില. ഓണം അടുത്തെത്തുന്നതോടെ പൂക്കളുടെ ആവശ്യകത ഇനിയും ഉയരുന്നതിനാൽ വില വീണ്ടും വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Related Articles

Back to top button