‘ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല’… പാമ്പ് കടി ലഹരി പരാമർശം തിരുത്തി രമേശ് ചെന്നിത്തല…

തിരുവനന്തപുരം: ലഹരിക്കായി മാരകവിഷമുള്ള അണലിപ്പാമ്പിന്റെ കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ മുൻ പരാമർശം പരസ്യമായി പിൻവലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് ബോധ്യപ്പെട്ടതായും മെഡിക്കൽ രംഗത്തുനിന്നുള്ള തിരുത്തലുകൾ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ തുറന്നുപറച്ചിൽ നടത്തിയത്. നേരത്തെ ഒരു പൊതുവേദിയിൽ വെച്ച് ലഹരി ഉപയോഗത്തിന്റെ പുതിയ വശങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു അണലി കുഞ്ഞുങ്ങളെ ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്ന പരാമർശം മന്ത്രി നടത്തിയത്.

ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ പ്രമുഖ ആരോഗ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഷിംന അസീസ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പാമ്പിന്റെ കൊത്ത് ഒരു തരത്തിലുള്ള ലഹരിയും നൽകില്ലെന്നും, മാരകവിഷമുള്ള അണലിയുടെ കടിയേറ്റാൽ ഏതൊരു മനുഷ്യനും മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവർ ശാസ്ത്രീയമായി വിശദീകരിച്ചു. തെറ്റായ ഇത്തരം വിവരങ്ങൾ ജനങ്ങളിലേക്ക് പോകുന്നത് വലിയ അപകടമുണ്ടാക്കുമെന്നും ഡോക്ടർ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് മാധ്യമങ്ങളിൽ വലിയ രീതിയിൽ വാർത്തയായതോടെയാണ് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് തിരിച്ചറിഞ്ഞ് മന്ത്രി തന്നെ നേരിട്ട് തിരുത്തുമായി രംഗത്തെത്തിയത്.

കുറിപ്പിന്റെ പൂർണ്ണരൂപം..

ലഹരിക്ക് എതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളിൽ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. പ്രസംഗത്തിലും അഭിമുഖങ്ങളിലുമെല്ലാം. ഇലക്ഷനു മുൻപ്, യുഡിഎഫിന് അധികാരം കിട്ടിയാൽ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന “തൂഫാൻ” ആരംഭിച്ചതിലും അഭിമാനമുണ്ട്.
അത്തരം ഒരു സംഭാഷണത്തിൽ വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ
പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു.
പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും.
തൂഫാൻ- ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. ഷിംന അസിസ് ഹൃദയപൂർവ്വം ക്ഷണിക്കുന്നു…..

Related Articles

Back to top button