‘അഴിമതിയില്ലാത്ത തമിഴ്നാടാക്കും’…. മുഖ്യമന്ത്രി

ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭയിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിക്കുന്നതും അവർക്കെതിരെ അപമര്യാദയായി സംസാരിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായിൽ തോന്നുന്നതെല്ലാം പറയുന്നതാണ് പ്രതിപക്ഷത്തിന്റെ രീതിയെന്നും അദ്ദേഹം വിമർശിച്ചു. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും കുടുംബത്തോടൊപ്പമാണ് ഡിഎംകെ അഴിമതി നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഡിഎംകെ നടത്തിയ അഴിമതികളുടെ വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഡിഎംകെ ഇരിക്കുന്നിടത്ത് തെറ്റ് നടക്കും; തെറ്റ് നടക്കുന്നിടത്ത് മാത്രമാണ് ഡിഎംകെ ഉണ്ടാകുക’ എന്ന രൂക്ഷ വിമർശനവും മുഖ്യമന്ത്രി നിയമസഭയിൽ ഉന്നയിച്ചു. അഴിമതി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഡിഎംകെ പ്രതികരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, ഇതുവരെ അഴിമതി നടത്തിയിട്ടില്ലെന്ന് ഡിഎംകെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. തമിഴ്നാടിനെ അഴിമതിയില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരായാലും അഴിമതി നടത്തിയാൽ നിയമപ്രകാരം ശിക്ഷ അനുഭവിക്കണം. കുറ്റം ചെയ്തവരെ പിടികൂടുക മാത്രമല്ല പൊലീസിന്റെ ഉത്തരവാദിത്തമെന്നും കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പൊലീസും ജനങ്ങളും തമ്മിൽ സൗഹൃദപരമായ ബന്ധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നതിലും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ലഹരി ഉപയോഗം മാത്രമല്ല ഇതിന് കാരണം. കുടുംബ സാഹചര്യം, സാമൂഹിക പശ്ചാത്തലം തുടങ്ങിയവയും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകുന്ന വിദ്യാർഥികൾക്കൊപ്പം നിന്ന് അവരെ നല്ല വഴിയിലേക്ക് നയിക്കാൻ സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കസ്റ്റഡി മരണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പൊലീസുകാർ തെറ്റ് ചെയ്താൽ അത് ഗുരുതരമായ തെറ്റായി കണക്കാക്കുമെന്നും കർശന നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button