കിഫ്ബി ഭൂമിയേറ്റെടുക്കലിൽ 12,000 കോടി രൂപയുടെ… വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഭൂമി ഏറ്റെടുക്കലിനായി 12,000 കോടി രൂപ ചിലവഴിച്ചെന്നാണ് വിവരം. കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചതിന്റെയും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെയും രേഖകൾ വിജിലൻസ് ശേഖരിച്ചു.

ആവശ്യമായ രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകിയിട്ടുണ്ട്. എന്നാൽ കിൻഫ്ര ഇതുവരെ രേഖകൾ കൈമാറിയിട്ടില്ല. ഭൂമിയുടെ ക്രയവിക്രയ വിവരങ്ങൾ ശേഖരിക്കുന്നതിനായി രജിസ്ട്രേഷൻ ഐജിക്കും വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും വിൽപ്പന വിവരങ്ങളും പരിശോധിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. വിജിലൻസ് ഇതുവരെ അന്വേഷിച്ച കേസുകളിൽ ഏറ്റവും വലിയ തുക ഉൾപ്പെടുന്ന ക്രമക്കേട് ആരോപണങ്ങളിലൊന്നാണ് കിഫ്ബി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടത്. രേഖകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും അന്വേഷണത്തിന്റെ തുടർനടപടികൾ.

Related Articles

Back to top button