വീട്ടിൽ കയറി 24 പവനും അഞ്ച് ലക്ഷവും കവർന്നു… പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം…

മലപ്പുറം: വീട്ടിൽ നിന്ന് 24 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേർ അറസ്റ്റിൽ. തിരൂരങ്ങാടി ടി.സി റോഡിലെ മച്ചിങ്ങൽ സുബൈറിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് തിരൂരങ്ങാടി പൊലീസ് മൂന്നുപേരെ പിടികൂടിയത്. തിരൂർ നിറമരുതൂർ ചക്കരമൂല കണ്ണംവളപ്പിൽ സുഹൈദ് (25), എ.ആർ നഗർ യാറത്തുംപടി പാലമാത്തിൽ പുതുപ്പറമ്പിൽ ഉബൈദ് (32), 17 വയസ്സുകാരൻ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്. മോഷണം നടക്കുമ്പോൾ സുബൈറിന്റെ ഭാര്യയും മക്കളും വീടിന്റെ മുകൾനിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പൂട്ടില്ലാത്തതിനാൽ എളുപ്പത്തിൽ കൈക്കലാക്കാൻ കഴിഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചാണ് മറ്റു പ്രതികൾ മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷണവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും പ്രതികളിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അറസ്റ്റിലായ സുഹൈദിനെതിരെ വേങ്ങര പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും താനൂർ പൊലീസ് സ്റ്റേഷനിൽ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസുമുണ്ട്. ഉബൈദിനെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ട് കേസുകളും കത്തിക്കുത്ത് കേസുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മോഷണത്തിന് പിന്നിലെ ആസൂത്രണവും പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



